മാധ്യമങ്ങൾക്ക് കോടതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള സാഹര്യം അനുവദിക്കണം -സുപ്രീംകോടതി ജസ്റ്റിസ്

598
0
Share:

മാധ്യമങ്ങൾക്ക് കോടതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനുള്ള സാഹര്യം അനുവദിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഇപ്പോഴത്തെ സ്ഥിതി വേദനാജനകമാണെന്നും പ്രശ്‌ന പരിഹാരത്തിനായി അടിയന്തരമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതിയില്‍ റിപ്പോർട്ടിങ്ങിനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകർ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ പ്രതികരണം.

ഹൈകോടതി ജഡ്ജിയായിരുന്ന സമയത്ത് മീഡിയ കമ്മറ്റി രൂപീകരിക്കുകയും മീഡിയ സെമിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടായതില്‍ സങ്കടമുണ്ട്. അതിനാല്‍ പ്രശ്‌ന പരിഹാരത്തിനായി വീണ്ടും ഇടപെടും. പ്രശ്‌നം വഷളാകുന്ന തരത്തിലുള്ള നടപടികള്‍ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭ്യര്‍ഥിച്ചു.

വെള്ളിയാഴ്ചയാണ് വാർത്തകൾ ശേഖരിക്കുന്നതിനായി ചീഫ് ജസ്റ്റിസിന്‍റെ കോടതി മുറിയിലെത്തിയ മൂന്നു വനിതകളടക്കം എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം അഭിഭാഷകര്‍ ഭീഷണികളുമായി രംഗത്തെത്തിയത്. കോടതിയില്‍ നിന്ന് പുറത്തു പോയില്ലെങ്കില്‍ തല്ലും എന്നായിരുന്നു അഭിഭാഷകരുടെ ഭീഷണി. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ മാധ്യമപ്രവർത്തകർ മടങ്ങുകയായിരുന്നു.

Share: