ഭാഷാപഠനം എളുപ്പത്തിലാക്കാൻ ‘മലയാളപാഠം’

Share:

ലയാളപഠനം അനായാസവും രസകരവുമാക്കുകയെന്ന ലക്ഷ്യത്തോടെ മലയാള സര്‍വകലാശാല രൂപംനല്‍കിയ ‘മലയാളപാഠം’ കര്‍മ പദ്ധതി ജൂൺ 29ന് പകല്‍ 11ന് സര്‍വകലാശാല ‘അക്ഷരം’ ക്യാമ്പസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. സി മമ്മൂട്ടി എംഎല്‍എ അധ്യക്ഷനാകും. സര്‍വകലാശാല പുനഃപ്രസിദ്ധീകരിക്കുന്ന കേരളം, പ്രാചീനസുധ എന്നീ പുസ്തകങ്ങളുടെയും ഭാഷാശാസ്ത്രം വിദ്യാര്‍ഥികളുടെ ഗവേഷണ ജേണലിന്റെയും പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിക്കും. സി രാധാകൃഷ്ണന്‍ പുസ്തകങ്ങളും ജേണലും ഏറ്റുവാങ്ങും.

എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് പ്രായോഗിക പശ്ചാത്തലം ഒരുക്കുന്നതിനാണ് മലയാളപാഠം പദ്ധതി രൂപകല്‍പ്പന ചെയ്തത്. ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും പഠിക്കാന്‍ സാധിക്കുന്ന ആപ്സ്, പദ്ധതിയുടെ ഭാഗമായി സൌജന്യമായി ലഭ്യമാക്കും. പ്രൈമറിതലത്തില്‍ കുട്ടികളുടെ കൌതുകം നിലനിര്‍ത്തുംവിധം ഗെയിമുകള്‍ വികസിപ്പിച്ച്, വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കും. പുതിയ ഭാഷാബോധനരീതികളില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്ക് മലയാളം പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് കര്‍മപദ്ധതിക്ക് കീഴില്‍ തയ്യാറാക്കും. മലയാളഭാഷ, സാഹിത്യം, കേരള സംസ്കാരം എന്നിവ പഠിക്കാനും അവഗാഹം നേടാനും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു പഠിതാക്കള്‍ക്കും സാധിക്കുംവിധം ഓണ്‍ലൈന്‍ പരിപാടികളും ആരംഭിക്കും. ഭാഷാപഠനത്തിനുള്ള റിസോഴ്സ് സെന്റര്‍ സര്‍വകലാശാലയില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

ഇതുവരെ മലയാളം പഠിക്കാന്‍ സാധിക്കാതെപോയവര്‍ക്ക് ഏതു പ്രായത്തിലും ഭാഷ പഠിച്ചുതുടങ്ങാന്‍ കഴിയുന്ന കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ വികസിപ്പിക്കും. ഒന്നുമുതല്‍ പത്ത് വരെ ക്ളാസുകളിലെ മലയാള പാഠപുസ്തകങ്ങളിലെ പദങ്ങള്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ഡിക്ഷണറി ഉദ്ഘാടന ചടങ്ങില്‍ പ്രകാശനംചെയ്യും.

Share: