നീറ്റ് പരീക്ഷ: 11 ലക്ഷം പേർ എഴുതി
പതിനൊന്ന് ലക്ഷം കുട്ടികൾ ലക്ഷം രാജ്യത്തെ 1921 കേന്ദ്രങ്ങളിൽ മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിനുള്ള ഏകീകൃത നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ (നീറ്റ്) എഴുതി. ഒരു ലക്ഷത്തിപതിനായിരേത്താളം വിദ്യാർഥികളാണ് കേരളത്തിൽ പരീക്ഷ എഴുതിയത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കണ്ണൂർ കേന്ദ്ര ങ്ങളിലാണ് പരീക്ഷ നടന്നത്.
രാജ്യത്താകെ 65,000 എം.ബി.ബി.എസ് സീറ്റുകളിലേക്കും 25,000 ബി.ഡി.എസ് സീറ്റുകളിലേക്കുമാണ് പരീക്ഷ നടന്നത്. സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷനായിരുന്നു (സി.ബി.എസ്.ഇ) പരീക്ഷനടത്തിപ്പ് ചുമതല. രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ നടന്ന പരീക്ഷ 10 ഭാഷകളിലായി എഴുത്ത് രീതിയിലായിരുന്നു. രാവിലെ ഏഴര മുതൽ വിദ്യാർഥികളെ പരീക്ഷകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു.
1522 എൻ.ആർ.െഎകളും 613 വിദേശവിദ്യാർഥികളുമടക്കം 11,38,890 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. കഴിഞ്ഞതവണ രണ്ട് ഘട്ടമായി നടത്തിയ പരീക്ഷ ഇക്കുറി ഒറ്റത്തവണയായാണ് നടത്തിയത്. സർക്കാർ, സ്വാശ്രയകോളജുകളിലും കൽപിത സർവകലാശാലയിലുമായി സംസ്ഥാനത്താകെ 4050 എം.ബി.ബി.എസ് സീറ്റും 840 ബി.ഡി.എസ് സീറ്റുമാണുള്ളത്. ജൂൺ എട്ടിന് ഫല പ്രഖ്യാപനമുണ്ടായേക്കും. ഉത്തരസൂചിക ഉടൻ പ്രസിദ്ധീകരിക്കും.