ദുബായിൽ ലോക എയർപോർട്ട് എക്സ്പൊ തുടക്കമായി

521
0
Share:

ദുബായ്∙ വ്യോമയാന വ്യവസായ മേഖലയുടെ വളര്‍ച്ച പ്രകടമാക്കുന്ന ലോകത്തെ ഏറ്റവും വലിയ വാര്‍ഷിക എയര്‍പോര്‍ട്ട് ഷോയ്ക്ക് ദുബായ് ഇന്റര്‍നാഷനല്‍ കൺവന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡിസിഎഎ) പ്രസിഡന്റും ദുബായ് എയര്‍പോര്‍ട്‌സ്, എമിറേറ്റ്‌സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പ് എന്നിവയുടെ ചെയര്‍മാനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സഈദ അല്‍ മക്തൂം പതിനാറാമത് ഷോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ത്യയുള്‍പ്പെടെ 55 രാജ്യങ്ങളില്‍ നിന്നുള്ള 300 പ്രദര്‍ശനക്കാര്‍ പങ്കെടുക്കുന്നു. ​15,000 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് നടക്കുന്ന ത്രിദിന പരിപാടിയില്‍ ​7,000 വ്യവസായ പ്രഫഷനലുകള്‍ പങ്കെടുക്കുന്നു. ഒട്ടേറെ പ്രദര്‍ശനക്കാരുമായി ഏഴ് രാജ്യങ്ങള്‍ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ​15,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് മുതൽ ആറ് വരെ സാബീൽ ഹാളുകളിലായി നടക്കുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബി2ബി പരിപാടി ഷെയ്ഖ് അഹമ്മദ് ചുറ്റിക്കണ്ടു.​

ഓരോ വര്‍ഷവും ഉന്നതിയിലേയ്ക്ക് കുതിക്കുന്ന എയര്‍പോര്‍ട്ട് ഷോ യുഎഇയുടെ വ്യോമയാന വ്യവസായ മേഖലയുടെ വികസനവും വെളിപ്പെടുത്തുന്നുവെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. വ്യോമയാന വ്യവസായത്തിന് വരുംനാളുകളില്‍ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ സാധിക്കും. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം മറ്റു ഉന്നത ഉദ്യോഗസ്ഥരോടും ബിസിനസുകാരോടുമൊപ്പം പ്രദര്‍ശനം ചുറ്റിക്കണ്ടു. രാജ്യാന്തര, മധ്യപൂർവദേശ ചാപ്റ്റർ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.​ അറബ് വുമൻ ഇൻ ഏവിയേഷന്റെ സഹകരണത്തോടെയാണ് ഇപ്രാവശ്യം എയർപോർട്ട് ഷോ സംഘടിപ്പിച്ചത്. എഫ്എൻസി അംഗവും ദുബായ് എയർപോർട്സ് ഡെപ്യൂട്ടി സിഇഒയുമായ ജമാൽ അൽ ഹയ്, ഡിസിഎഎ ഡയറക്ടർ ജനറൽ മുഹമ്മദ് അബ് ദുല്ല അഹ്ലി, ദുബായ് ഏവിയേഷൻ സിറ്റി കോർപറേഷൻ എക്സി.ചെയർമാൻ ഖലീഫ അൽ സാഫിൻ, ദുബായ് വിനോദ സഞ്ചാര വാണിജ്യ വിപണന കേന്ദ്രം ഡയറക്ടർ ജനറൽ ഹിലാൽ സഇൗദ് അൽ മർറി തുടങ്ങിയവർ സംബന്ധിച്ചു.

Share: