ഒരാൾ ….രാജൻ പി. തൊടിയൂർ

Share:

ഒരാൾ ഫോണിൽ വിളിക്കുന്നു. അപരിചിതമായ നമ്പർ.

” ഞാൻ രൻജൻറെ സുഹൃത്താണ്. സുരേഷ്. രൻജനാണ് മൊബൈൽ നമ്പർ തന്നത്. നന്ദി പറയാൻ വേണ്ടി ഞാൻ ഈ നമ്പർ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു….ഞാൻ ഇന്നൊരു കോടീശ്വരനാണ്. അതിനു കാരണം താങ്കൾ ആണ്…താങ്കൾ പരിചയപ്പെടുത്തിയ എം ആർ കൂപ് മേയർ…ആദ്യം ‘കരിയർ മാഗസിനി’ലൂടെ പിന്നീട് അദ്ദേഹത്തിൻറെ പുസ്തകങ്ങളിലൂടെ…

സുരേഷ് അത് പറഞ്ഞു കഴിഞ്ഞപ്പോൾ , എഴുപത്തി ഒന്നാം വയസ്സിൽ, ‘ഹൗ ടു ഗെറ്റ് വാട്ടെവർ യു വാണ്ട്’ ( How to Get Whatever You Want) വായിക്കുമ്പോൾ വാർദ്ധക്യത്തിൽ എത്തി നിൽക്കുന്നവരോട് അതിൻറെ പത്താം അധ്യായത്തിൽ ലേഖകൻ എം ആർ കൂപ് മേയർ ഓർമ്മിപ്പിക്കുന്ന കാര്യങ്ങൾ പങ്കുവെക്കണമെന്ന് തോന്നി. പ്രത്യേകിച്ച് വയോജനങ്ങൾക്ക് വേണ്ടി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമ്പോൾ…

ജീവിതവിജയം നേടിയെടുക്കാനുള്ള തെളിയിക്കപ്പെട്ട വിജയമാർഗ്ഗങ്ങൾ (Proven Success Methods ) എന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ ഒരു ഓഫീസ് ബോയിൽ നിന്നും അമേരിക്കൻ പ്രസിഡണ്ട് റൊണാൾഡ് റീഗൻറെ മുഖ്യ ഉപദേഷ്ടാവായും നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ മാർഗദർശകനായും വിജയിയായ മനുഷ്യനായി മാറിയിരുന്നു അദ്ദേഹം. പ്രായം വിജയത്തിന് തടസ്സമാകുന്നില്ല എന്നദ്ദേഹം ഈ പുസ്തകത്തിലൂടെ പറയുന്നു. മാത്രമല്ല അംഗവൈകല്യം, ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ ഇതൊന്നും വിജയത്തിന് തടസ്സമാകുന്നില്ല.

“വാർദ്ധക്യം” ഒരു വൈകല്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ( Do you think “old age ” is a handicap ?) എന്ന് അദ്ദേഹം ചോദിക്കുന്നത് 150 വയസ്സ് വരെയെങ്കിലും നാം ജീവിക്കാൻ പഠിക്കണം (…we shal learn to live to be atleast 150, with quite adequate mental and physical capacities.) എന്ന് ഉദ്ഘോഷിച്ചു കൊണ്ടാണ്.

അദ്ദേഹം ഓർമ്മിപ്പിക്കുന്നു :

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം വേഴ്സയിൽസ് ഉടമ്പടി തയ്യാറാക്കാൻ ഫ്രാൻസിൽ ഒരു യോഗം ചേരുക യുണ്ടായി. ലോകത്തിലെ ശക്തരും പ്രമുഖരുമായ വ്യക്തികൾ അതിൽ സംബന്ധിച്ചു. അതിൽ ഏറ്റവും ശക്തനും പ്രഗത്ഭനുമായി തിളങ്ങിനിന്നത് ‘ഫാൻസിലെ കടുവ’ എന്നറിയപ്പെട്ടിരുന്ന ക്ലമൻഷ്യോ ആയിരുന്നു. അന്ന് അദ്ദേഹത്തിനു പ്രായം 75 വയസ്സ്!

അമേരിക്കയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായിരുന്ന ആൻഡ്രോ മിലൻ 82 -മത്തെ വയസ്സിലും അസാധാരണ കഴിവും പ്രൗഡ്ഢിയും നേട്ടങ്ങളുമായി തിളങ്ങി നിന്നു.

വാർഡൻ ബിൽറ്റ്, റെയിൽ റോഡുകൾക്ക് രൂപരേഖ നൽകിയതും കൂടുതലായി നിർമ്മിച്ചതും 70 വയസ്സിനു ശേഷമാണ്. കോടികൾ സമ്പാദിച്ചു കൂട്ടിയത് മറ്റുള്ളവർ റിട്ടയർ ചെയ്തു വിശ്രമജീവിതം നയിക്കുന്ന പ്രായത്തിൽ.

വാൾട്ടർ ഡാം റോഷ് ഏറ്റവും മികച്ച ഒപ്പറകൾ എഴുതി അവതരിപ്പിച്ചത് 75 ന് ശേഷമാണ്.

മഹാനായ ഫ്രഞ്ചു ചിത്രകാരൻ മോനറ്റ് 76 – ആം വയസ്സിലും ചിത്രങ്ങൾ വരച്ചു. വോൺ ഹമ്പോൾട് , പ്രസിദ്ധമായ ‘കോസ്മോസി’ൻ റെ പണി ആരംഭിച്ചത് 76 -ആം വയസിലും പൂർത്തിയാക്കിയത് 90 ലും.

ഗെയ്ഥേ ‘ഫൗസ്റ്റി’ൻറെ രണ്ടാം ഭാഗം എഴുതുന്നത് അദ്ദേഹത്തിന് 80 വയസ്സ് പ്രായമുള്ളപ്പോഴാണ്.
വിക്ടർ യൂഗോ ‘ടോർക്യു മാഡ’ സൃഷ്ടിച്ചത് എൺപതാം വയസ്സിലാണ്.

എല്ലാത്തിൽ നിന്നും വിട്ടുനിൽക്കാൻ പ്രായം ഒരു ഘടകമാണോ?

ടിറ്റിയൻ ഏറ്റവും പ്രശസ്തമായ ‘ബാറ്റിൽ ഓഫ് ലെ പാണ്ടോ’ രചിച്ചത് 98 മത്തെ വയസ്സിലാണ്.

പ്രായവും വൈകല്യങ്ങളും ഒന്നിനും ഒരു തടസ്സമാകരുത് എന്നാണ് കൂപ് മേയർ നമ്മെ ഓർമിപ്പിക്കുന്നത്.

അനശ്വരങ്ങളായ സിംഫണികൾ ഒരുക്കിയ ബിഥോവൻ ബധിരൻ ആയിരുന്നു.
അന്ധൻ ആയിരിക്കുമ്പോഴാണ് മിൽട്ടൺ ‘പാരഡൈസ് ലോസ്റ്റ്’ എഴുതുന്നത്.
ദാരിദ്ര്യത്തിൽ നിന്നും ദൗർഭാഗ്യത്തിൽ നിന്നും ഉയർന്നുകൊണ്ട് പക്ഷികളെക്കുറിച്ച് നമുക്ക് അറിവ് പകർന്നു തന്നതുകൊണ്ടാണ് ഓഡുബോൺ വിശ്വപ്രസിദ്ധനായത്.
ചലിക്കാൻ കഴിയാത്ത വിധം അംഗവൈകല്യമുള്ള അലക്സാണ്ടർ പോപ്പ് ഇംഗ്ലീഷ് സാഹിത്യത്തിലെ അത്ഭുത പ്രതിഭാസമായി.

ജീവിതത്തിൻറെ വിവിധ മേഖലകളിൽ പ്രകാശം പരത്തിയ ധൈര്യശാലികളായ സ്ത്രീ പുരുഷന്മാരുടെ കഥകളിൽ നിന്നും ഒരു കാര്യം വ്യക്തമാക്കുന്നു.

വാർദ്ധക്യം, അംഗവൈകല്യം, മുടന്ത്, രോഗം, വിക്ക്, ദാരിദ്ര്യം, ദൗർഭാഗ്യം, വിദ്യാഭ്യാസമില്ലായ്മ, ഇതൊന്നും ജീവിതവിജയത്തിന് തടസ്സമാകുന്നില്ല. ആത്മബലവും മനഃശക്തിയും ഉണ്ടെങ്കിൽ ഇവയൊക്കെ അതിജീവിച്ച് അത്യുന്നത വിജയം നേടിയെടുക്കാം.

ബാല്യത്തിലേ തളർവാതം പിടിപെട്ട് അവശനായ ഫ്രാങ്ക്‌ളിൻ ഡി റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡൻറായി തീർന്നതിൻറെ പിന്നിലും കഠിനാധ്വാനത്തിൻറെയും ആത്മ വിശ്വാസത്തിൻറെയും കഥകളാണുള്ളതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

കൂപ്മേയറുടെ പുസ്തകങ്ങൾ വായിക്കുമ്പോൾ നാം എത്തിച്ചേരുന്നത് മറ്റൊരു ലോകത്താണ്.
വിജയത്തിലേക്ക്, ആത്‌മവിശ്വാസത്തിലേക്ക് അദ്ദേഹം നമ്മെ മനസ്സുകൊണ്ടടുപ്പിക്കുന്നു.

( തുടരും)

To know more about Psycho Learning E mail: info@careermagazine.in

Share: