ഒബിസി ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി

Share:

ഒബിസി ക്രീമിലെയര്‍ പരിധി എട്ടുലക്ഷമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രീമിലെയര്‍ പരിധി ആറ് ലക്ഷത്തില്‍ നിന്ന് എട്ടുലക്ഷമാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒബിസിയിലെ സബ് കാറ്റഗറൈസേഷനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേകം കമ്മീഷനെ നിയമിക്കാനും സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. കമ്മീഷന്‍റെ ചെയര്‍പേഴ്സന്‍റെ നിയമനത്തിന് ശേഷം 12 ആഴ്ചകള്‍ക്കുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രത്തിന്‍റെ നിര്‍ദേശമെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി . ദേശീയ ന്യൂനപക്ഷ കമ്മീഷനാണ് ഒബിസിയ്ക്കുള്ളില്‍ വീണ്ടും തരംതിരിവ് അനിവാര്യമാണെന്നും മൂന്നായി തരം തിരിക്കണമെന്നുമുള്ള നിര്‍ദേശള്‍ ജൂലൈയില്‍ മുന്നോട്ടുവച്ചത്.

ഒബിസിക്കുള്ളില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗമായി തരം തിരിക്കാനാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശം. എക്സ്ട്രീംലി ബാക്ക് വേര്‍ഡ‍് ക്ലാസസ്( ഗ്രൂപ്പ് എ), മോര്‍ ബാക്ക് വേഡ് ക്ലാസസ് ( ഗ്രൂപ്പ് ബി), ബാക്ക് വേര്‍ഡ‍് ക്ലാസസ് ( ഗ്രൂപ്പ് സി) എന്നിങ്ങനെയാണ് കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശം.

 ക്രീമിലെയര്‍: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

കേരളത്തില്‍ ജ. രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള കമീഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പി എസ് ഇ നിയമനങ്ങളിലെ ജാതിസംവരണം നടപ്പാക്കിയത്. മറ്റ് പിന്നോക്ക വിഭാഗത്തില്‍ OBC) പെട്ടവര്‍ സമുദായത്തിലെ മുകള്‍തട്ടില്‍ പെടുന്നവരല്ല എന്ന് തെളിയിക്കുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഇതോടെ നിലവില്‍വന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തെ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. രാജേന്ദ്രബാബു കമീഷന്‍ തയ്യാറാക്കിയ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ ലിസ്റ്റില്‍ അനുബന്ധം ‘സി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മത്സ്യത്തൊഴിലാളി വിഭാഗങ്ങളെയും നോണ്‍ക്രീമിലെയര്‍ സര്‍ടിഫിക്കറ്റിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ജോലിക്ക് അപേക്ഷിക്കുന്നവര്‍ ജാതി ആനുകൂല്യം ലഭിക്കാനായി എസ്എസ്എല്‍സി ബുക്കിന്റെ മൂന്നാംപേജില്‍ രേഖപ്പെടുത്തിയിട്ടുള്ള ജാതിയാണ് മുമ്പൊക്കെ തെളിവിനായി ഹാജരാക്കേണ്ടിയിരുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ റവന്യു അധികാരികള്‍ നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണമായിരുന്നു. എന്നാല്‍ പ്രസിദ്ധമായ മണ്ഡല്‍ കേസിലെ സുപ്രീംകോടതി വിധി ജാതിസംവരണത്തിലെ രീതികള്‍ മാറ്റിമറിച്ചു. സംവരണ അര്‍ഹമായ സമുദായങ്ങളിലെ മുകള്‍ തട്ടിലുള്ളവരെ (ക്രീമിലെയര്‍) സംവരണത്തില്‍നിന്ന് കോടതി ഒഴിവാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിനും പി എസ് സി നിയമനങ്ങള്‍ക്കും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വ്യത്യസ്ത മാനദണ്ഡങ്ങളാണ് നിലവിലുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ജാതിസംവരണം ലഭിക്കാനായി അപേക്ഷകന്റെ മാതാപിതാക്കളുടെ വരുമാനമാണ് ക്രീമിലെയര്‍ മാനദണ്ഡം. പിഎസ്സി വഴി ജോലി ലഭിക്കുന്നതിന് മാതാപിതാക്കളുടെ വരുമാനത്തിലുപരി സാമുദായിക സ്ഥിതി വിലയിരുത്തിയാണ് അവര്‍ ക്രീമിലെയര്‍ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്. പിഎസ്സി നിയമനങ്ങള്‍ക്കായുള്ള നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളാണ് ഇനി വിവരിക്കുന്നത്.

ഉദ്യോഗാര്‍ഥിയുടെ മാതാപിതാക്കളെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ വിലയിരുത്താന്‍ പാടുള്ളൂ. അതായത് ഉദ്യോഗാര്‍ഥികളുടെ വരുമാനം, പദവി, ഉദ്യോഗാര്‍ഥിയുടെ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ വരുമാനം, സഹോദരങ്ങളുടെ വരുമാനം, പദവി ഇവയൊന്നും ഉദ്യോഗാര്‍ഥി ക്രീമിലെയര്‍ ലിസ്റ്റില്‍പെട്ടതാണോ എന്ന് വിലയിരുത്തുമ്പോള്‍ പരിഗണിക്കാന്‍ പാടില്ല. ഉദ്യോഗാര്‍ഥിയുടെ മാതാപിതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ സര്‍വീസില്‍ പ്രവേശിച്ച സമയത്തെ പദവിയെ ആണ് പരിഗണിക്കേണ്ടത്. നിലവിലെ പദവിയോ നിലവിലെ വരുമാനമോ പരിഗണിക്കേണ്ടതില്ല.

മാതാപിതാക്കള്‍ സര്‍വീസില്‍ പ്രവേശിച്ചത് നേരിട്ട് ക്ളാസ്1, ക്ളാസ്2 ഓഫീസറായി അല്ലെങ്കില്‍ അവരുടെ മക്കള്‍ ക്രീമിലെയറില്‍പെടുന്നതല്ല. (അവര്‍ സംവരണത്തിന് അര്‍ഹരാണ്. അതിന് താഴെയുള്ള തസ്തികകളില്‍ പ്രവേശിച്ച് സ്ഥാനക്കയറ്റത്തിലൂടെ ക്ളാസ് 1, ക്ളാസ് 2 ഓഫീസര്‍മാര്‍ ആയാലും അവരുടെ മക്കള്‍ക്ക് സംവരണം ലഭിക്കുന്നതായിരിക്കും.

ഉദ്യോഗാര്‍ഥിയുടെ മാതാപിതാക്കള്‍ കൃഷിക്കാരാണെങ്കില്‍ കൃഷിയില്‍നിന്നുള്ള വരുമാനമല്ല ഉദ്യോഗാര്‍ഥി ക്രീമിലെയറില്‍പ്പെടുമോ എന്ന് നിശ്ചയിക്കുന്നത്. പകരം കൃഷിഭൂമിയുടെ വിസ്തൃതിയാണ് നോക്കുന്നത്. ഉദ്യോഗാര്‍ഥിയുടെ മാതാപിതാക്കള്‍ക്ക് അഞ്ചു ഹെക്ടറോ കൂടുതലോ ഭൂമി സ്വന്തമായിട്ടുണ്ടെങ്കില്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതല്ല.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൃഷിക്കാര്‍, ഭൂവുടമകള്‍, സ്വകാര്യ- പൊതുമേഖലാസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴിച്ചുള്ളവരുടെ കാര്യത്തിലാണ് വരുമാനം മാനദണ്ഡമാക്കുന്നത്.
വാണിജ്യം, വ്യവസായം, പ്രൊഫഷണല്‍സ്, നഗരങ്ങളിലെ വസ്തുവും കെട്ടിടങ്ങളും വഴി വരുമാനമുള്ളവര്‍ തുടങ്ങിയവരുടെ വാര്‍ഷികവരുമാനമാണ് പരിഗണിക്കുക. അങ്ങനെയുള്ള വരുമാനം തുടര്‍ച്ചയായി മൂന്നുവര്‍ഷം ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഉദ്യോഗാര്‍ഥികളുടെ മാതാപിതാക്കള്‍ നിരക്ഷരരാണെങ്കില്‍ ക്രീമിലെയറില്‍ ഉള്‍പ്പെടില്ല.
നാലാം ക്ളാസ് പാസ് ആകാത്തവര്‍ എത്ര ധനികരാണെങ്കിലും മക്കള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടായിരിക്കും.

Share: