മാതൃഭാഷയ്ക്കൊരു ഭിഷഗ്വരൻ
എസ് ആര്‍ ലാല്‍
പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍
മലയാളഭാഷ കുടിവെള്ളംപോലെയും ശ്വസിക്കുന്നവായുപോലെയുമാണ് പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ക്ക്. അത് മലിനമാകാതെ സൂക്ഷിക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയുള്ള പന്മനയുടെ പ്രവര്‍ത്തനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മലയാളഭാഷയുടെ രോഗങ്ങളെ ചികിത്സിച്ച് ഭേദമാക്കുന്ന ഭാഷാഭിഷഗ്വരന്റെ ശരീരം ഏറ്റുവാങ്ങിയത് ചെറുതും വലുതുമായ ആറ് ശസ്ത്രക്രിയകളാണ്. ഓപ്പറേഷന്‍മൂലം ബലംകുറഞ്ഞ നട്ടെല്ലിന് ബലംനല്‍കാനായി തോള്‍മുതല്‍ അരക്കെട്ടുവരെ പൊതിഞ്ഞിരിക്കുന്ന ഏഴുകൊളുത്തുള്ള ബെല്‍റ്റിട്ട് മുറുക്കിക്കൊണ്ടാണ് ഇരിപ്പും നടപ്പുമെല്ലാം. കഴിഞ്ഞ ഏഴുകൊല്ലമായി ഇതാണ് അവസ്ഥ. അതിനിടയിലും മലയാളഭാഷയുടെ നട്ടെല്ല് ബലപ്പെടുത്താനുള്ള പന്മന രാമചന്ദ്രന്‍നായരുടെ പരിശ്രമങ്ങള്‍ തുടരുന്നു.
അധ്യാപകവൃത്തിയില്‍ പ്രവേശിച്ച കാലംമുതലേയുണ്ട് ഭാഷയെ ശുദ്ധീകരിക്കുന്നതിനായുള്ള വെമ്പല്‍. ബിഎ, എംഎ ക്ലാസിലെ പന്മനയുടെ ആദ്യദിവസം കേട്ടെഴുത്താണ്. കേട്ടെഴുത്തെന്നുകേട്ട് കുട്ടികള്‍ തമാശമട്ടില്‍ ചിരിക്കും. സ്കൂള്‍ക്ലാസില്‍ തീര്‍ന്നില്ലേ കേട്ടെഴുത്ത്, ഞങ്ങളെന്താ ചെറിയ കുട്ടികളാണോ? എന്നൊക്കെ അവര്‍ പിറുപിറുക്കും. “നിങ്ങള്‍ മുതിര്‍ന്ന കുട്ടികളാണ്. മിടുക്കരുമാണ്. അതുകൊണ്ട് ഒരു തെറ്റും വരാനിടയില്ല’ എന്ന സുഖിപ്പിക്കുന്ന ആമുഖമുണ്ടാകും പന്മനയുടേതായി. ഇരുപത്തഞ്ചുവാക്കുകള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊടുക്കും. എഴുതിക്കഴിഞ്ഞാല്‍ അടുത്തിരിക്കുന്നവര്‍ പരസ്പരം കടലാസ് കൈമാറണം. ശരിരൂപങ്ങള്‍ അധ്യാപകന്‍തന്നെ ബോര്‍ഡില്‍ എഴുതിയിടും. എല്ലാം ശരിയായവര്‍ കൈപൊക്കാനുള്ള നിര്‍ദേശമാണ് തുടര്‍ന്ന്. ഒന്നുമുതല്‍ പത്തുവരെ ശരിയാക്കിയവര്‍- ഉയരുന്ന കൈകള്‍ ചുരുക്കമേയുള്ളൂ. സംഗതി തമാശയല്ലെന്ന് കുട്ടികള്‍ക്ക് ബോധ്യമാകുന്നത് അതോടെയാണ്. എല്ലാം ശരിയാക്കിയവര്‍ സാമാന്യം ദീര്‍ഘമായ കാലത്ത് ഒരാളുമുണ്ടായിട്ടില്ലെന്ന് പന്മന എന്ന ഭാഷാധ്യാപകന്‍ ഓര്‍മിക്കുന്നു.
പന്മനയുടെ ആദ്യഭാഷാശുദ്ധിലേഖനം വരുന്നത് കുട്ടികളുടെ മാസികയായ ബാലരമയിലാണ്. “നിഘണ്ടുവിന്റെ കഥ’ എന്നായിരുന്നു ലേഖനത്തിന്റെ പേര്. ബാലരമയുടെ പത്രാധിപരായ ചാണ്ടിസാര്‍ ലേഖനത്തെ അഭിനന്ദിച്ചുകൊണ്ടും, തുടര്‍ന്നും എഴുതണമെന്ന് പ്രോത്സാഹിപ്പിച്ചും കത്തയച്ചു. പിന്നീട് പലതിനെപ്പറ്റിയും ലേഖനങ്ങള്‍ ബാലരമയില്‍ എഴുതിയെങ്കിലും ഭാഷാശുദ്ധിയുമായി ബന്ധമുള്ളതൊന്നും ഉണ്ടായിരുന്നില്ല. ഈ മേഖലയിലേക്ക് പന്മനയുടെ സവിശേഷശ്രദ്ധ പതിയുന്നത് 1961ലാണ്. ചിറ്റൂര്‍ ഗവ. കോളേജില്‍ അധ്യാപകനായിരുന്ന കാലം. പരീക്ഷാപേപ്പര്‍ നോക്കുന്ന ചുമതലയുണ്ട്. എം പി മന്മഥന്‍ സാറായിരുന്നു ചെയര്‍മാന്‍. പ്രീഡിഗ്രിക്കാരുടെ കടലാസുകളാണ്. ഒരു കുട്ടി എഴുതിയിരിക്കുന്നു- “കാളിയന്‍ കൃഷ്ണനെ ദംശിച്ചു. എന്നിട്ടും മതിവരാഞ്ഞ് കടിക്കുകയുംചെയ്തു.’ “ദംശിക്കുക’ എന്നാല്‍ “കടിക്കുക’ തന്നെയല്ലേ? എഴുതിയ ആള്‍ വിചാരിക്കുന്നത് “കടിക്കുക’ എന്നതിനേക്കാള്‍ കടുപ്പംകുറഞ്ഞ എന്തോ പ്രവൃത്തിയാണ് “ദംശിക്കുക’ എന്നാണ്. ഇത്തരം രസകരമായ തെറ്റുകളും പ്രയോഗവൈകല്യങ്ങളുമെല്ലാം ഒരുപേപ്പറില്‍ കുറിച്ചുവച്ചു. അതിലൊരു രസംപിടിച്ചു എന്നുവേണമെങ്കില്‍ പറയാം. രാവിലെ നടക്കാനിറങ്ങുമ്പോള്‍ സിനിമാപോസ്റ്ററുകള്‍, നിരത്തിലെ ബോര്‍ഡുകള്‍, ചുമരെഴുത്തുകള്‍ ഇവയിലെല്ലാം പന്മനയുടെ സൂക്ഷ്മദര്‍ശിനിക്കണ്ണുകള്‍ ചെന്നുപതിയും. തെറ്റുകളെ കൈയില്‍ കരുതിയിരിക്കുന്ന കടലാസില്‍ കുറിച്ചുവയ്ക്കും.
1979ല്‍ പുറത്തുവന്ന “തെറ്റും ശരിയും’ എന്ന ആദ്യപുസ്തകത്തിന് വളക്കൂറായത് ഈ സൂക്ഷ്മനോട്ടങ്ങളാണ്. “ശരിയും തെറ്റും’ എന്നല്ലേ പുസ്തകത്തിനുവേണ്ടിയിരുന്ന പേര്, തെറ്റിനെമാത്രം കണ്ടെത്താനുള്ള പന്മനയുടെ വികലനോട്ടങ്ങളല്ലേ “തെറ്റും ശരിയും’ എന്നതിലെത്തിച്ചത്? വിമര്‍ശനങ്ങള്‍ ശരംപോലെ വന്നു. ജനങ്ങള്‍ ധാരാളം തെറ്റുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവയെല്ലാം ശരിയാണ് എന്ന ചിന്തയില്‍ അവര്‍ മിക്കവരും അങ്ങനെതന്നെ പറയുന്നു; എഴുതുന്നു. നമുക്കുചുറ്റും കാണുന്നതും കേള്‍ക്കുന്നതുമായ തെറ്റുകളില്‍ ഓരോന്നും ചൂണ്ടിക്കാണിച്ച് അവ എന്തുകൊണ്ട് തെറ്റായി എന്നുവിശദീകരിക്കുകയും അവയുടെ ശരിരൂപം കാണിച്ചുകൊടുക്കുകയുമാണ് താന്‍ ചെയ്യുന്നതെന്ന് പന്മന പറയുന്നു.
തെറ്റില്ലാത്ത ഭാഷ നേടുന്നതിന് മൂന്നു കാര്യങ്ങള്‍ ആവശ്യമാണെന്ന് പന്മനയെന്ന ഗുരുനാഥന്‍ അടിവരയിടുന്നു. ഒന്ന്- തെറ്റ് തെറ്റാണെന്നറിയണം. രണ്ട്- അവിടെ പകരം വേണ്ടുന്ന ശരി എന്താണെന്നറിയണം. മൂന്ന്- ശരിയേ പറയൂ, എഴുതൂ എന്ന നിര്‍ബന്ധബുദ്ധിയും വേണം.പതിനൊന്നുവര്‍ഷം കഴിഞ്ഞാണ് 1990ല്‍ രണ്ടാമത്തെ ഭാഷാശുദ്ധിഗ്രന്ഥമായ “തെറ്റില്ലാത്ത മലയാളം’ വരുന്നത്. കൊല്ലത്തു നിന്ന് ഇറങ്ങിയിരുന്ന കരിയര്‍ മാസികയില്‍ 118 ലക്കങ്ങളിലായി (10 വര്‍ഷം- ഇതിനിടയില്‍ കണ്ണ് ഓപ്പറേഷനായി വിശ്രമിച്ച രണ്ടു മാസം ഒഴികെ) എഴുതിയ ലേഖനങ്ങള്‍ ഈ പുസ്തകത്തിന് അടിത്തറയായി. എങ്കിലും ഗ്രന്ഥരചനയിലേക്കു കടക്കുന്നത് മാതൃഭൂമി പത്രാധിപരായിരുന്ന എന്‍ വി കൃഷ്ണവാരിയരുമായുള്ള ഒരു കൂടിക്കാഴ്ചയോടെയാണ്. വിജെടി ഹാളില്‍ താന്‍ ഒരു സമ്മേളനത്തിനു വരുന്നുണ്ടെന്നും നേരിട്ട് കാണണമെന്നും സൂചിപ്പിച്ച് എന്‍ വിയുടെ കത്തുവന്നു. ദിനപത്രത്തില്‍ സാഹിത്യരംഗം പംക്തിയില്‍ ഭാഷയെ മുന്‍നിര്‍ത്തി ലേഖനപരമ്പര എഴുതാനായിരുന്നു എന്‍ വി ആവശ്യപ്പെട്ടത്. അതും ഈ പുസ്തകത്തിന്റെ ഭാഗമായി.
ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി- സംശയപരിഹാരങ്ങള്‍ എന്നിവയാണ് പന്മനയുടെ മറ്റു ഭാഷാശുദ്ധി ഗ്രന്ഥങ്ങള്‍. ഇതെല്ലാം ചേര്‍ത്ത് “നല്ല ഭാഷ’ എന്ന പേരിലുള്ള പുസ്തകം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.ഭാഷാശാസ്ത്രം, വ്യാകരണം ഇവയൊക്കെ വിഷയമായ വിരസതനിറഞ്ഞ പുസ്തകങ്ങള്‍ കൈയിലെടുക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പൊതുവേ മടിയായിരിക്കും. പക്ഷേ, പന്മനയുടെ പ്രായോഗിക വ്യാകരണ ഗ്രന്ഥങ്ങള്‍ മികച്ച സാഹിത്യപുസ്തകംപോലെ വിറ്റഴിഞ്ഞുപോകുന്നു. എന്താണിതിന്റെ രഹസ്യമെന്നതിന്റെ ഉത്തരം ലളിതമാണ്- വ്യാകരണത്തിലെ സാങ്കേതികത്വം ആവുന്നത്ര ഒഴിവാക്കും, പ്രതിപാദനം ഋജുവും ലളിതവുമാക്കും, ഉദാഹരണങ്ങള്‍ പറ്റുന്നിടത്തോളം രസകരമാക്കും. അങ്ങനൊന്ന് ഇതാ- “പ്രസംഗത്തിനിടയില്‍ മദ്യപാനവും മറ്റും തീരെ പാടില്ലെന്ന് മന്ത്രി വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു.’ (തെറ്റ്). നന്നായില്ലേ ഉദ്ബോധനം? വാക്കുകളുടെ സ്ഥാനം മാറിയപ്പോള്‍ വാക്യത്തിന്റെ അര്‍ഥം എത്രമാറി! വാക്യങ്ങളുടെ ക്രമം ഇങ്ങനെ മാറ്റിയാല്‍ മതി- മദ്യപാനവും മറ്റുംതീരെ പാടില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ വിദ്യാര്‍ഥികളെ ഉദ്ബോധിപ്പിച്ചു. (ശരി). ഇങ്ങനെ പോകുന്നു, പന്മനയുടെ വിശദീകരണങ്ങള്‍.
മലയാളവ്യാകരണത്തെ മിഠായി മധുരത്തിലാക്കി എന്നതാണ് പന്മന കുട്ടികള്‍ക്കായി നടത്തിയ ഏറ്റവുംവലിയ സേവനം. “കൈയിലെടുത്താല്‍ താഴെവയ്ക്കാന്‍ തോന്നാത്ത പുസ്തകങ്ങള്‍’ എന്നാണ് എ പി ഉദയഭാനു പന്മനയുടെ പുസ്തകങ്ങളെ വിശേഷിപ്പിച്ചത്. ബാലകവിതകള്‍, സാഹിത്യപഠനങ്ങള്‍, വ്യാഖ്യാനങ്ങള്‍, പരിഭാഷകള്‍ എന്നിങ്ങനെ 19 പുസ്തകങ്ങളുണ്ട് പന്മനയുടേതായി. അധ്യാപകരുടെ വികലഭാഷാപ്രയോഗങ്ങള്‍ക്കുനേരെയാണ് പന്മനയുടെ കര്‍ക്കശനോട്ടവും ചൂരല്‍വടിയും പ്രധാനമായും കടന്നുചെല്ലാറ്. രാഷ്ട്രീയക്കാരാണ് ഭാഷയെ കൂടുതല്‍ ദുഷിപ്പിക്കുന്നത്. എന്നിട്ടും അധ്യാപകരാണ് പന്മനയുടെ ചൂരല്‍ക്കഷായത്തിന്റെ രുചിയറിയുന്നത് എന്നൊരു ആവലാതിയുമുണ്ട്. അധ്യാപകരുടെ ഇടയില്‍നിന്നുതന്നെയാണ് ഇത് കേട്ടിട്ടുള്ളതും. രാഷ്ട്രീയക്കാരുടെ ഭാഷയെ ആരെങ്കിലും മാതൃകയാക്കാറുണ്ടോ എന്നതാണ് പന്മനയുടെ മറുചോദ്യം. അധ്യാപകരുടെ കാര്യം അങ്ങനല്ല, അത് മറ്റുള്ളവര്‍ മാതൃകാഭാഷയായിക്കരുതുന്നു. തെറ്റുവരുത്തിയവരുടെ പേര് ചേര്‍ത്ത് ആരെയും മോശക്കാരാക്കാനൊന്നും പന്മന ശ്രമിക്കാറില്ല. ഇക്കാലത്തിനിടയില്‍ രണ്ടു സാഹിത്യകാരന്മാരുടെ ഓരോ ഖണ്ഡിക ഉദ്ധരിച്ച് വിമര്‍ശിച്ചപ്പോള്‍ മാത്രമേ രചയിതാക്കളുടെ പേര്‍ പറഞ്ഞിട്ടുള്ളൂ. തെറ്റായ പ്രയോഗങ്ങള്‍ വായനക്കാരുടെ ശ്രദ്ധയിയില്‍ പെടുത്തുകയും അതിലെ തെറ്റുവിവരിച്ച് തിരുത്തിക്കാണിക്കുകയുമാണ് പന്മനയുടെ പതിവുരീതി.
പഠിക്കുന്നകാലംമുതല്‍ ഇരുപതുവര്‍ഷത്തോളം ആനുകാലികങ്ങളില്‍ ധാരാളം കവിതകളെഴുതി. ഗുരുനാഥനായ എസ് ഗുപ്തന്‍നായര്‍ സാര്‍ പ്രേരിപ്പിച്ചെങ്കിലും കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ പന്മന വിമുഖതകാട്ടി. ഒരു കവിതാസമാഹാരവും ഇന്നോളം പ്രസിദ്ധീകരിച്ചിട്ടുമില്ല. ആശാന്റെയും വള്ളത്തോളിന്റെയുമൊക്കെ കവിതകളിലെ പ്രയോഗദോഷം കണ്ടുപിടിക്കുന്ന മാസ്റ്ററുടെ കവിത ഇതാണല്ലോ എന്ന് വിദ്യാര്‍ഥികള്‍ പറയില്ലേ എന്നായിരുന്നു ചിന്ത.കുട്ടിക്കാലംതൊട്ടേ സാഹിത്യത്തോടായിരുന്നു പന്മനയുടെ കൂറ്. കവിതയെഴുത്തായിരുന്നു പ്രധാനം. ആരാധനാമൂര്‍ത്തി ചങ്ങമ്പുഴയും. ചങ്ങമ്പുഴ ഇരുന്നു പഠിച്ച ക്ലാസില്‍ പഠിക്കണമെന്ന് കഠിനമായ മോഹം. ബിരുദം സയന്‍സിലായിരുന്നു. ഉപഭാഷയായി പഠിച്ചത് സംസ്കൃതം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം എംഎയ്ക്ക്, പ്രസിദ്ധീകരിച്ച മലയാളം കവിതകളുടെ കോപ്പിയുംവച്ച് അപേക്ഷിച്ചു. പ്രവേശനം കിട്ടിയില്ല. പ്രൊഫ. കോന്നിയൂര്‍ മീനാക്ഷിയമ്മയായിരുന്നു വകുപ്പധ്യക്ഷ. നിരന്തരശല്യത്തെതുടര്‍ന്ന് രണ്ടാമനായ ഇളംകുളം കുഞ്ഞന്‍പിള്ള സാറുമായി ആലോചിച്ച് പന്മനയെക്കൊണ്ട് ഒരു ഉപന്യാസമെഴുതിച്ചു. ഉപന്യാസം രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഒരു സ്പെഷ്യല്‍ കേസായി യൂണിവേഴ്സിറ്റി കോളേജില്‍ മലയാളം എംഎയ്ക്ക് പ്രവേശനം കിട്ടി. നോവലിസ്റ്റായി അന്നേ അറിയപ്പെട്ടിരുന്ന ജി വിവേകാനന്ദനായിരുന്നു കോളേജിലെ പ്രിയ സുഹൃത്ത്. പിന്നീട് പ്രശസ്ത ചിത്രകാരനായി മാറിയ എ രാമചന്ദ്രന്‍ അന്ന് അറിയപ്പെടുന്ന ഗായകനായിരുന്നു. (പന്മനയുടെ ആദ്യ ബാലസാഹിത്യകൃതിയായ “മഴവില്ലി’ന് ചിത്രങ്ങള്‍ വരച്ചത് എ രാമചന്ദ്രനായിരുന്നു.)
എംഎ പരീക്ഷയില്‍ ഒന്നാംറാങ്കും ഡോ. ഗോദവര്‍മയുടെ പേരിലുള്ള മെഡലും വാങ്ങി മീനാക്ഷിയമ്മടീച്ചറോടും ഗോദവര്‍മ സാറിനോടും പന്മന നീതികാട്ടി. ശൂരനാട് കുഞ്ഞന്‍പിള്ള എഡിറ്ററായിരുന്ന മലയാളം ലക്സിക്കനില്‍ രണ്ടുവര്‍ഷം ജോലിചെയ്തശേഷമാണ് കോളേജ് അധ്യാപനത്തിലേക്ക് കടന്നത്.അമ്മയോടൊപ്പമുള്ള പന്മനയുടെ ബാല്യകാലത്തെ യാത്രകള്‍ കഥകളിനടക്കുന്ന ഉത്സവപ്പറമ്പുകളിലേക്കായിരുന്നു. ആ കുട്ടിക്കാലയാത്രകളാണ് പന്മനയെ കഥകളിയുടെ കടുത്ത ആരാധകനാക്കിയത്. “നളചരിത’ത്തോടായിരുന്നു പന്മനയുടെ പ്രണയംമുഴുവനും. “നളചരിതം- കൈരളീവ്യാഖ്യാനം’ എന്ന കൃതി രചിച്ച് നളചരിതത്തോടുള്ള മമത ഒന്നുകൂടി ഉറപ്പിച്ചു പന്മന. പഴയ നളചരിത വ്യാഖ്യാതാക്കളുടെ അഭിപ്രായങ്ങള്‍ വിമര്‍ശനാത്മകമായി കൂട്ടിച്ചേര്‍ത്തുകൊണ്ട് രചിക്കപ്പെട്ട ഈ പുസ്തകം പന്മനയുടെ “മാഗ്നം ഓപ്പസാ’യിട്ടാണ് വിലയിരുത്തപ്പെടുന്നത്. കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 1972ല്‍ മടവൂര്‍ ഭാസി സ്ഥാപിച്ച ദൃശ്യവേദിയുടെ തുടക്കംമുതലേയുള്ള സഹയാത്രികന്‍കൂടിയാണ് പന്മന.
പന്മന രാമചന്ദ്രന്‍നായരുടെ പ്രധാന സാമൂഹിക സേവനമേഖലയ്ക്കുമുണ്ട് അക്ഷരബന്ധം. തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് (പ്ലസ്ടു) കഴിഞ്ഞുനില്‍ക്കുന്ന കാലത്താണ് നാട്ടിലെ അധ്യാപകരുടെയും യുവാക്കളുടെയും സഹകരണത്തോടെ നാട്ടില്‍ ഗ്രന്ഥശാല സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളില്‍ പങ്കാളിയായത്. 1952 ജൂണ്‍ ഒന്നിന് കുമ്പളത്ത് ശങ്കുപ്പിള്ളയാണ് ഗ്രന്ഥശാല ഉദ്ഘാടനംചെയ്തത്. 1955ല്‍ ഗ്രന്ഥശാലാ സംഘം കരുനാഗപ്പള്ളി താലൂക്കു യൂണിയന്‍ പ്രസിഡന്റായി. 1958ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ ഒന്നാം സംസ്ഥാന സമിതിയിലേക്ക് പന്മന രാമചന്ദ്രന്‍നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ മെമ്പര്‍ പന്മന ആയിരുന്നു. പ്രൊഫ. എസ് ഗുപ്തന്‍നായരുടെ കീഴില്‍ ഗ്രന്ഥശാലാ സംഘത്തിന്റെ മുഖപത്രമായ “ഗ്രന്ഥാലോക’ത്തില്‍ സഹപത്രാധിപരായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ കേശവദേവിനെക്കൊണ്ട് ഗ്രന്ഥാലോകത്തിന്റെ വിശേഷാല്‍ പതിപ്പില്‍ “വായനശാല വാസൂള്ള’ എന്ന കഥ എഴുതിക്കാന്‍ കഴിഞ്ഞതാണ് അവിസ്മരണീയമായ സംഭവം. കഥയ്ക്കുള്ള 75 രൂപ പ്രതിഫലം നല്‍കിയപ്പോള്‍ 50 രൂപ മതിയെന്നുപറഞ്ഞ് 25 രൂപ മടക്കി പന്മനയെ ഏല്‍പ്പിച്ചു. പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കൊന്നും തയ്യാറാകാത്ത കേശവദേവ് ഗ്രന്ഥശാലാ പ്രസ്ഥാനത്തോടുള്ള തന്റെ കൂറും തന്നോടുള്ള വാത്സല്യവും കാണിക്കുകയായിരുന്നു അതിലൂടെ. വീട്ടിലെ ഗ്രന്ഥശേഖരം, 63 വര്‍ഷംമുമ്പ് സുഹൃത്തുക്കളുമൊത്തു സ്ഥാപിച്ച നാട്ടിലെ ഗ്രന്ഥശാലയ്ക്ക് സംഭാവനചെയ്തുകൊണ്ട് തന്റെ ഗ്രന്ഥശാലാബന്ധത്തെ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട് പന്മന.
പ്രായംകൊണ്ട് എണ്‍പത്തിനാലിലെത്തിനില്‍ക്കുന്നു പ്രൊഫ.പന്മന രാമചന്ദ്രന്‍നായര്‍. തിരുവനന്തപുരത്ത് ഗാന്ധിനഗറില്‍ “കൈരളി’യിലാണ് താമസം. ശിഷ്യന്മാര്‍ചേര്‍ന്ന് “കൈരളിയുടെ കാവലാള്‍’ എന്ന പേരില്‍ ശതാഭിഷേകഗ്രന്ഥം പുറത്തിറക്കിയത് ഈയിടെയാണ്. ഭാഷയ്ക്കായി എഴുതാനും ശബ്ദമുയര്‍ത്താനും പ്രായം പന്മനയ്ക്ക് തടസ്സമാകുന്നില്ല. ഭാഷാപരമായ സംശയങ്ങള്‍ ചോദിച്ചുകൊണ്ട് എല്ലാദിവസവും ആരെങ്കിലും വിളിക്കും. തിരക്കിനിടയിലും അധ്യാപകന്റെ അവധാനതയോടെ അവയ്ക്കു മറുപടി പറയാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു.
രോഗങ്ങള്‍മൂലം ശരീരത്തിന് വല്ലായ്മകള്‍ പലതുമുണ്ടെന്നത് ശരിതന്നെ. എങ്കിലും ഭാഷയില്‍ തെറ്റുവരുത്തുന്നവര്‍ക്കെതിരെയുള്ള യുദ്ധങ്ങള്‍ മുന്നില്‍നിന്നു നയിക്കാന്‍ ഇപ്പോഴും പ്രാപ്തനാണ് പന്മന രാമചന്ദ്രന്‍നായര്‍. ഭാഷയുടെ ഈ കാവലാള്‍ മലയാളഭാഷയുടെ അഭിമാനമാകുന്നു.
essar.lal@gmail.com
Courtesy: http://www.deshabhimani.com/news-special-vaaraanthapathippu-latest_news-513415.html#sthash.iNyh8vrI.dpuf