പി.എസ്.സി പരീക്ഷകളില്‍ ഇനി മലയാളത്തില്‍ നിന്ന് 10 ചോദ്യങ്ങള്‍
മലയാളം ഭരണഭാഷയായി അംഗീകരിച്ച് നിയമനിര്‍മാണം നടത്തിയ സാഹചര്യത്തില്‍ പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകളിലും ഭരണഭാഷക്ക് പ്രാധാന്യം നല്‍കി 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. കമ്മീഷന്‍ അംഗം വി. ശിവദാസന്‍ ചെയര്‍മാനായ അഞ്ചംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് പി.എസ്.സിയുടെ തീരുമാനം.
സിലബസ് രൂപീകരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതുവരെ പരീക്ഷ പ്രവര്‍ത്തനങ്ങള്‍ തടസം നേരിടാതിരിക്കാന്‍ നിലവിലുള്ള രീതി തുടരുമെന്നും കമ്മീഷന്‍ തീരുമാനിച്ചു.
ഔദേ്യാഗികഭാഷയെന്ന നിലയില്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് മലയാളത്തിലുള്ള അറിവ് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അതിനാല്‍ അതുസംബന്ധിച്ചുള്ള 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നുമായിരുന്നു കമ്മീഷന്‍ തീരുമാനം. എന്നാല്‍, ഭരണഭാഷയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു മുമ്പായി ഭാഷാ വിദഗ്ധരെയും ഭരണഭാഷാ വിദഗ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സിലബസ് ചര്‍ച്ച ചെയ്ത് രൂപീകരിക്കാനും ഭരണഭാഷ വകുപ്പിന്റേയും ഭാഷാന്യൂനപക്ഷ കമ്മിറ്റിയുടെയും അഭിപ്രായം ആരായാനും കമ്മീഷന്‍ തീരുമാനിച്ചു. ഭിന്നശ്രവണ ശേഷിയുള്ളവര്‍ക്ക് ഇപ്പോള്‍തന്നെ ഒരു ഭാഷ പഠിച്ചാല്‍ മതിയെന്നുള്ള സാഹചര്യം നിലനില്‍ക്കെ വേറൊരു ഭാഷകൂടി പഠിച്ച് പരീക്ഷ എഴുതണമെന്ന് ആവശ്യപ്പെടുമ്പോഴുണ്ടാവാവുന്ന പ്രശ്‌നങ്ങളും പരിഗണിക്കും.