ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി : സർക്കാർ ഗൗരവത്തോടെ കാണണം

447
0
Share:

ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിയും സ്വദേശിവത്ക്കരണവും മൂലം മലയാളികളുള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ജോലിനഷ്ടപ്പെട്ടു നാട്ടിലേയ്ക്കു മടങ്ങുന്നത്. സഊദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍
നിന്നുള്ള ഈ മടക്കം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ വന്‍പ്രതിസന്ധിയാകും സൃഷ്ടിക്കുക. മാസങ്ങളായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി തൊഴിലാളികള്‍ സഊദിയിലെ വിവിധ കമ്പനികളില്‍ കഴിയുന്നുണ്ട്. സഊദി ഓജര്‍ കമ്പനിയിലെയും അല്‍ഖോബാറിലെ പ്രമുഖനിര്‍മാണക്കമ്പനിയിലെയും തൊഴിലാളികളുടെ പ്രശ്‌നം മാത്രമാണു വാര്‍ത്തയായിട്ടുള്ളത്.
സഊദിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചുവിട്ടത് 55,000 ത്തോളം തൊഴിലാളികളെ യാണ്. അതില്‍ 40 ശതമാനത്തോളം ഇന്ത്യക്കാരും അതില്‍ 17 ശതമാനത്തോളം മലയാളികളുമാണ്.
നിരവധി കമ്പനികള്‍ വിദേശതൊഴിലാളികള്‍ക്കു പിരിഞ്ഞുപോകാനോ കഫാലത്ത് മാറ്റാനോ നോട്ടീസ് നല്‍കിക്കഴിഞ്ഞു. മിക്ക ഗള്‍ഫ്‌നാട്ടിലെയും സ്ഥിതി ഇതാണ്. പല തൊഴിലാളികള്‍ക്കും മാസങ്ങളായി ശമ്പളമില്ല, ഭക്ഷണഅലവന്‍സുമില്ല. സന്നദ്ധസംഘടനകളും സുമനസ്സുകളും നല്‍കുന്ന ഭക്ഷണംകൊണ്ടാണവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. അതും എത്രകാലമെന്ന ചോദ്യം അവര്‍ക്കു മുന്നിലുണ്ട്.
അസംസ്‌കൃത എണ്ണയുടെ വില കൂപ്പുകുത്തിയതോടെയാണു ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു തുടക്കം. എണ്ണ പ്രധാനവരുമാനസ്രോതസ്സായ ജി.സി.സി രാഷ്ട്രങ്ങളിലെ നിര്‍മാണമേഖല ഇതോടെ പ്രതിസന്ധിയിലായി. ഭീമന്‍ പദ്ധതികളുടെ നടത്തിപ്പില്‍ മെല്ലെപ്പോക്കുണ്ടായി. കമ്പനികള്‍ക്കു വരുമാനം നിലച്ചതോടെ തൊഴിലാളികളുടെ ശമ്പളം മുടങ്ങി. മക്കയിലെ ക്രെയിന്‍ അപകടത്തെത്തുടര്‍ന്നു പ്രമുഖ നിര്‍മാണക്കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിനു വിലക്കുവന്നതോടെ പതിനായിരങ്ങളാണു പെരുവഴിയിലായത്.

ഇതിനിടയില്‍ സ്വദേശിവത്ക്കരണപദ്ധതികള്‍ വേഗത്തിലായി. കൂടുതല്‍ വിദേശികള്‍ ജോലിചെയ്ത മൊബൈല്‍ഫോണ്‍ വില്‍പ്പനമേഖലയടക്കമുള്ളവ സ്വദേശിവത്കരിച്ചു. അടുത്ത ഹിജ്‌റവര്‍ഷം മുതല്‍ നിരവധി മേഖകള്‍ സ്വദേശിവത്ക്കരിക്കുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. സഊദിയില്‍ സ്വദേശികളുടെ തൊഴിലില്ലായ്മ 11 ശതമാനത്തില്‍നിന്ന് ഏഴുശതമാനമാക്കാനുള്ള നടപടി ശക്തമായതോടെ നിരവധിപ്പേര്‍ക്കു ജോലി നഷ്ടമാകുമെന്ന അവസ്ഥയെത്തിയിരിക്കുകയാണ്.

മറ്റു രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വളരെ ഗൗരവമായാണ് അവരുടെ എംബസികള്‍ കൈകാര്യം ചെയ്യുന്നത്. ഫിലിപ്പീന്‍സ് എംബസി ഇടപെട്ട് 1658 റിയാല്‍ വീതം അവരുടെ തൊഴിലാളികള്‍ക്കു നല്‍കുന്നുണ്ട്. 500 റിയാല്‍ വീതം കുടുംബത്തിലേയ്ക്ക് അയയ്ക്കാനും നല്‍കുന്നു. മറ്റു രാജ്യക്കാരും ഭക്ഷണമുള്‍പ്പെടെയുള്ളവ എത്തിക്കുന്നുണ്ട്.

ഒമാനിലെ ആശുപത്രികളില്‍നിന്നു വിദേശനഴ്‌സുമാരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. 48 മലയാളികള്‍ക്കുള്‍പ്പെടെ 76 പേര്‍ക്കാണു നോട്ടീസ്. 15 മുതല്‍ 25 വര്‍ഷംവരെ തൊഴില്‍പരിചയമുള്ളവരാണിവര്‍. ആനുകൂല്യത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകാതെ നാട്ടിലേയ്ക്കു മടങ്ങില്ലെന്നാണു പലരുടെയും തീരുമാനം.

മാസങ്ങളായി ശമ്പളം മുടങ്ങിയതിനെത്തുടര്‍ന്നു മലയാളികളടക്കമുള്ള തൊഴിലാളികള്‍ പ്രമുഖ കോണ്‍ട്രാക്റ്റിങ് കമ്പനിയായ ഖറാഫി നാഷണലിലെ തൊഴില്‍പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു പി. കരുണാകരന്‍ എം.പി മുഖേന വിദേശകാര്യമന്ത്രി സുഷമസ്വരാജിനു കത്തയച്ചിരുന്നു. നടപടി ഉണ്ടാകാത്തതിനെതുടര്‍ന്നു രണ്ടായിരത്തിലധികം തൊഴിലാളികള്‍ കമ്പനി ഉപരോധിച്ചിരുന്നു.

മലയാളികളും തമിഴ്‌നാട്ടുകാരുമാണു കമ്പനിയിലെ തൊഴിലാളികളിലധികവും. രാജ്യത്തെ ഏക അന്താരാഷ്ട്രവിമാനത്താവള നവീകരണമടക്കമുള്ള വന്‍കിടപദ്ധതികളുടെ നിര്‍മാണകരാറുകാരാണു ഖറാഫി നാഷണല്‍. ആറുമാസംവരെ ശമ്പളം ലഭിക്കാത്തവര്‍ ഇവിടെയുണ്ട്. എണ്ണായിരത്തോളം തൊഴിലാളികള്‍ ജൂലൈ 10 മുതല്‍ പണിമുടക്കിലാണ്.

അപ്രതീക്ഷിതമായി പെട്രോള്‍വില കുറഞ്ഞതോടെ ഗള്‍ഫ്‌മേഖലയില്‍ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിനു പ്രവാസികളുടെ ജീവിതത്തില്‍ കാര്‍മേഘം വ്യാപിച്ചിരിക്കുകയാണ്. പ്രതിസന്ധിമൂലം സമ്പന്നഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്കു തൊഴില്‍തേടിയുള്ള ബ്രിട്ടീഷുകാരുടെ ഒഴുക്കിനെ സാരമായി ബാധിച്ചതായി ബ്രിട്ടീഷ് പത്രമായ ‘ടെലഗ്രാഫ് ‘ വിലയിരുത്തിയിരുന്നു. യൂറോപ്യന്‍രാജ്യങ്ങളില്‍നിന്നുള്ള അനേകായിരങ്ങളാണു ഗള്‍ഫിലുള്ളത്. ദുബൈയില്‍മാത്രം ഒന്നരലക്ഷത്തോളം ബ്രിട്ടീഷുകാരുണ്ട്. അവരുടെ മടങ്ങിവരവു മുന്‍കൂട്ടിക്കണ്ടു സത്വരനടപടികള്‍ അവിടത്തെ സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുണ്ട്.

പ്രവാസത്തിന്റെ മടക്കസമയമായിരിക്കുന്നുവെന്നു മലയാളികള്‍ തിരിച്ചറിയണമെന്നു, ഗള്‍ഫ് പ്രതിസന്ധിയുടെ തുടക്കത്തില്‍ത്തന്നെ, പ്രമുഖ അറബ് കോളമിസ്റ്റും സഊദിയിലെ ഇംഗ്ലീഷ്പത്രങ്ങളില്‍ പലതിലും മുഖ്യപത്രാധിപരുമായിരുന്ന ഖാലിദ് അല്‍മഈന അടക്കമുള്ളവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. നാട്ടിലേയ്ക്കു തിരിച്ചെത്തി, അവിടത്തെ ബഹുമുഖസാധ്യതകളില്‍ തങ്ങളുടെ കായികശേഷി സമര്‍പ്പിക്കാന്‍ സമയമായെന്ന് അദ്ദേഹം പ്രവാസിമലയാളികളോട് അന്നുതന്നെ ആഹ്വാനം ചെയ്തിരുന്നു.

പൊതുമേഖലയിലുള്ള തൊഴിലവസരങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന സന്ദേശം കൃത്യമായി ജനങ്ങള്‍ക്കു കൈമാറണമെന്ന് ഐ.എം.എഫ് അടുത്തിടെ ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. സ്വദേശികള്‍ക്കു സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ലഭ്യമാകാതെ വരുമ്പോള്‍ പൂര്‍ണമായും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരും. ഫലത്തില്‍, എണ്ണ വിലയിടിവു മൂലമുണ്ടാകാനിടയുള്ള ഏതുതരം സാമ്പത്തികമാന്ദ്യവും സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന പ്രവാസിസമൂഹത്തെ സാരമായി ബാധിക്കുമെന്നു തീര്‍ച്ച. സ്വദേശിവത്കരണം പലപേരിലാണു ഗള്‍ഫ്‌നാടുകളില്‍ അറിയപ്പെടുന്നത്. തൊഴിലുകളില്‍ സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി തൊഴില്‍മന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ‘നിതാഖാത്’ അവരുടെ കാഴ്ചപ്പാടില്‍ വന്‍വിജയമാണ്. എന്നാല്‍, പ്രവാസികളെ സംബന്ധിച്ചിടത്തോളം നിതാഖാത് പ്രതിസന്ധിയാണ്. എന്നിട്ടും, അതു മുന്‍കൂട്ടിക്കണ്ടു നടപടിയെടുക്കാന്‍ നമ്മുടെ ഭരണകൂടത്തിനായില്ല. യാഥാര്‍ഥ്യം തിരിച്ചറിയാനുമായില്ല.

നിതാഖാത് ബാധിക്കുക കടയില്‍ തൊഴിലെടുക്കുന്നവരുള്‍പ്പെടെയുള്ള ഇടത്തരക്കാരെയായിരിക്കുമെന്നായിരുന്നു വിദഗ്ധരുടെ നിലപാട്. തൊഴിലാളികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും വിദഗ്ധര്‍ വിലയിരുത്തി. നിര്‍മാണമേഖലയില്‍ തൊഴിലെടുക്കാന്‍ സഊദിക്കാര്‍ തയാറാകില്ലെന്നും അതിനാല്‍ നിര്‍മാണമേഖലയില്‍ ജോലിചെയ്യുന്നവര്‍ ഭയക്കേണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതു മറ്റൊന്നാണ്. നിര്‍മാണക്കമ്പനികളാണ് അടച്ചുപൂട്ടുന്നത്. അതു സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനു സഊദി സര്‍ക്കാരിന് ആവേശം നല്‍കും. അതോടെ സ്വദേശിവത്ക്കരണം കൂടുതലായി അവര്‍ നടപ്പിലാക്കും. ജോലിനഷ്ടപ്പെടുന്നവര്‍ തിരിച്ചുപോകട്ടെയെന്ന നിലപാടായിരിക്കും അവര്‍ എടുക്കുക.

പ്രവാസികളുടെ തിരിച്ചുവരവു കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക വിദ്യാഭ്യാസമേഖലയെയാകും; രണ്ടാമതായി നിര്‍മാണമേഖലയെയും. കേരളത്തില്‍ ബഹുഭൂരിപക്ഷം നിര്‍മാണപ്രവൃത്തിയും നടത്തുന്നതു ഗള്‍ഫിലെ പണംകൊണ്ടാണ്. അതു നിലയ്ക്കും. ഗള്‍ഫില്‍ നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ തിരിച്ചെത്തുന്നതോടെ കേരളത്തിലെ ഇതരസംസ്ഥാനത്തൊഴിലാളികളുടെ കാര്യം കഷ്ടത്തിലാകും.
ഇത്തരമൊരു പശ്ചാത്തലത്തില്‍, ‘കാര്യം നിസാര’മെന്ന മനോഭാവം വെടിഞ്ഞു ദേശീയ, സംസ്ഥാനസര്‍ക്കാരുകള്‍ പുനരധിവാസ, പ്രശ്‌നപരിഹാര നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുകയാണു ചെയ്യേണ്ടത്. ഏതു പ്രശ്‌നത്തോടുമുള്ള തണുത്തസമീപനമാണു കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്. എണ്ണവിലയിടിവും അതുണ്ടാക്കാവുന്ന തൊഴില്‍പ്രതിസന്ധിയും സാമ്പത്തികവിദഗ്ധരടക്കമുള്ളവര്‍ മുന്‍കൂടി അറിയിച്ചിരുന്നു. അറിഞ്ഞോ അറിയാതെയോ അത് അവഗണിക്കപ്പെട്ടു.

കേരളത്തില്‍ ഈ വര്‍ഷംതന്നെ വന്‍തോതിലുള്ള തിരിച്ചുവരവിനു സാധ്യതയുണ്ട്. അവരെ പുനരധിവസിപ്പിക്കാനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. കുവൈത്ത് യുദ്ധകാലത്ത് 70,000 പേരാണു തിരികെയെത്തിയത്. അവര്‍ക്കുവേണ്ടി കാര്യമായൊന്നും ചെയ്തില്ലെന്ന അനുഭവപാഠം നമ്മുടെ മുന്നിലുണ്ട്.

ഈ വിഷയത്തില്‍ പ്രവാസികളുടെ ഭാഗത്തുമുണ്ട് തെറ്റ്. ഭാവിയെക്കുറിച്ച് ഒരു ആലോചനയും പദ്ധതിയുമില്ലാതെയാണ് ഒട്ടുമിക്ക മലയാളിപ്രവാസികളും ഗള്‍ഫില്‍ കഴിഞ്ഞുകൂടുന്നത്. തങ്ങളെ വര്‍ഷങ്ങളായി തീറ്റിപ്പോറ്റുന്ന ഗള്‍ഫ് ചതിക്കില്ലെന്നാണ് ഇവരുടെ ധാരണ. പുതിയപ്രശ്‌നങ്ങള്‍ പ്രവാസികളുടെ വിശ്വാസങ്ങളെയും സങ്കല്‍പ്പങ്ങളെയും തല്ലിക്കെടുത്തുമോയെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

– ബി. രവീന്ദ്രൻ

Share: