ഒറ്റ പ്രവേശനപരീക്ഷ എന്‍ജിനീയറിങ്ങിനും

മെഡിക്കല്‍ പഠനത്തിന് ദേശീയതലത്തില്‍ ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) നടത്തുന്ന മാതൃകയില്‍ 2018-19 വര്‍ഷം മുതല്‍ എന്‍ജിനീയറിങ് കോഴ്സിനും പൊതു എന്‍ട്രന്‍സ് തുടങ്ങാന്‍ മാനവശേഷി വികസന മന്ത്രാലയം തീരുമാനിച്ചു. സി.ബി.എസ്.ഇ നടത്തുന്ന സംയുക്ത പ്രവേശന പരീക്ഷ(ജെ.ഇ.ഇ)ക്കു പുറമെ, സംസ്ഥാനങ്ങളും സ്വാശ്രയ സ്ഥാപനങ്ങളും പ്രവേശന പരീക്ഷ നടത്തുന്നുണ്ട്. ഇതവസാനിപ്പിച്ച് എന്‍ജിനീയറിങ് മേഖലയിലെ എല്ലാ പരീക്ഷകളും ഒരേ കുടക്കീഴിലാക്കുന്ന നിര്‍ദേശം വകുപ്പു മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അംഗീകരിച്ചു. സര്‍ക്കാര്‍ നയത്തിന് അനുസരിച്ച് എ.ഐ.സി.ടി.ഇ മാനദണ്ഡങ്ങള്‍ ഉണ്ടാക്കും. എന്‍ജിനീയറിങ് പ്രവേശന നടപടികള്‍ സുതാര്യമാക്കാന്‍ ഒറ്റപ്പരീക്ഷ സഹായിക്കുമെന്ന് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
അഡ്മിഷന്‍ ക്രമക്കേടുകള്‍ ഒഴിവാക്കാം. പല തലത്തിലുള്ള പ്രവേശന പരീക്ഷ സീറ്റ് അട്ടിമറിക്കും ഫീസ് അട്ടിമറിക്കും കാരണമാകുന്നുണ്ടെന്ന് ജെ.ഇ.ഇ മാനവശേഷി വികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. മെഡിക്കല്‍ മേഖലയില്‍ നീറ്റ് ആക്കിയതോടെ പ്രവേശന നടപടികള്‍ സുതാര്യമായിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്‍െറ വിലയിരുത്തല്‍.