എംടിക്ക് കൊല്ലവുമായുള്ള ബന്ധം ‘വളർത്തു മൃഗങ്ങ’ളും ‘മഞ്ഞു’മായിരുന്നു.

വളർത്തുമൃഗങ്ങളുടെ തിരക്കഥ വളരെ നേരത്തെ തയ്യാറാക്കി ജനറൽ പിച്ചേഴ്സിൻറെ ഓഫീസിൽ നൽകി യിരുന്നു. വളർത്തുമൃഗങ്ങൾ അരവിന്ദൻ സിനിമയാക്കുമെന്ന് കരുതിയെങ്കിലും അരവിന്ദൻറെ ‘തമ്പ്’ മറ്റൊരു തിരക്കഥയായി .
പിന്നീടുള്ള ഒരു ബന്ധം ‘മലയാള മലയാളനാട്’ വരികയുമായി. കാക്കനാടനും പദ്‌മരാജനും ഒ വി വിജയനും എം മുകുന്ദനുമൊക്കെ വന്നുകയറിയ ഇടം. എഴുതിയ പ്രസിദ്ധീകരണം.

1976 ആറിൽ ഞങ്ങൾ ക്യാമ്പസിന് സിനിമ എടുക്കുമ്പോൾ എം ടി യുമായുള്ള പരിചയം അദ്ദേഹത്തിൻറെ പുസ്തകങ്ങളിലൂടെ മാത്രം. ഒരു ചലച്ചിത്ര ക്യാമ്പിൽ കണ്ടുമുട്ടിയപ്പോൾ എൻ പി ഹഫീസ് മുഹമ്മദ് പറഞ്ഞു. പറഞ്ഞു . നിങ്ങളുടെ സംരംഭത്തെക്കുറിച്ചു എം ടിക്ക് നല്ല അഭിപ്രായമാണ്.
” കൊല്ലത്തെ കോളേജ് വിദ്യാർത്ഥികൾ ക്യാമറയുമായി നിരത്തിലേക്ക് ഇറങ്ങിയത് ഒരു വലിയ, നല്ല സൂചനയാണ് എന്നാണദ്ദേഹം പറഞ്ഞത്. നിയോ റിയലിസത്തിൻറെ പിതാവ് വിറ്റോറിയ ഡിസീക്ക ക്യാമറയുമായി നിരത്തിലേക്കിറങ്ങിതിനെയാണ് അദ്ദേഹം ഉപമിച്ചത്.
എം ടി യുടെ കൂട്ടെഴുത്തുകാരൻ എൻ പി മുഹമ്മദിൻറെ മകനാണ് ഹഫിസ് മുഹമ്മദ്.

വർഷങ്ങൾക്ക് ശേഷം പി പത്മരാജൻറെ ‘മഞ്ഞുകാലം നോറ്റ കുതിര’ എന്ന നോവലിന് തിരക്കഥ എഴുതിക്കുന്നതിനായി ഞാനും ജനറൽ പിച്ചേഴ്സിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായരും കൂടി കോഴിക്കോട്ടെക്ക് ഒരു യാത്ര.
പപ്പേട്ടൻ എനിക്ക് ഒരു തിരക്കഥ തരാം എന്ന് പറഞ്ഞത് പൂജപ്പുരയിലെ വീട്ടിൽവച്ചാണ് .
അദ്ദേഹത്തിൻറെ അകാലത്തിലെ നിര്യാണം അതിന് തടസ്സമായി.
പിന്നീട് ‘മഞ്ഞുകാലം നോറ്റ കുതിര’ എന്ന നോവൽ സിനിമയാക്കാം എന്ന് തീരുമാനിക്കുമ്പോൾ രാധ ചേച്ചി പറഞ്ഞു , “എംടി യെ കൊണ്ട് തിരക്കഥ എഴുതിക്കണം”.
‘മഞ്ഞു’ സിനിമ നിർമ്മിച്ചത് ജനറൽ പിക്ചേഴ്സ് ആയിരുന്നു.
രാജശേഖരൻ നായർ അദ്ദേഹത്തോട് വിളിച്ച് സമയം ആവശ്യപ്പെടുന്നു. ഞങ്ങൾ ഒരുമിച്ച് യാത്രയാകുന്നു.
കോഴിക്കോട്ട് വീട്ടിൽ അദ്ദേഹം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.
നോവൽ ഏൽപ്പിച്ചു
“വായിച്ചിട്ട് ഞാൻ പറയാം” എന്ന് അദ്ദേഹം.
ദിവസങ്ങൾക്ക് ശേഷം വീണ്ടും കോഴിക്കോട്ടേക്ക്.
“പത്മരാജൻറെ നോവലിന് ഞാൻ തിരക്കഥ എഴുതിയാൽ ശരിയാവില്ല” എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.
അതോടെ ആ പദ്ധതി ഉപേക്ഷിച്ചു. എങ്കിലും ഇടയ്ക്കൊക്കെ ഒന്നോ രണ്ടോ പ്രാവശ്യം അദ്ദേഹവുമായി ചെറിയ ചെറിയ സംഭാഷണങ്ങൾ.
ഒരിക്കൽ കോഴിക്കോട് നീലഗിരിയിൽ എത്തിയപ്പോൾ രാമദാസ് വൈദ്യൻ പിന്നെയും കഥകൾ ഓർമിപ്പിച്ചു.

അദ്ദേഹം നമ്മളെ വേർപെട്ട മഹാ പ്രതിഭകളെക്കുറിച്ചോർത്തു.നീലഗിരി പലരുടെയും താവളമായിരുന്നു.

ഇന്നിപ്പോൾ എം ടി യും നമ്മിൽനിന്ന് വേർപെടുമ്പോൾ മലയാള സാഹിത്യത്തിനും സിനിമയ്ക്കും മറ്റാർക്കും നൽകാൻ കഴിയാത്തത്ര വിലപിടിപ്പുള്ള സംഭാവനകൾ നൽകിയ ഒരു മഹാ പ്രതിഭ മലയാളത്തിന് നഷ്ടമാകുന്നു.

ആദരാഞ്ജലികൾ!!!

-രാജൻ പി തൊടിയൂർ

Share: