ഓൺലൈൻ പരീക്ഷ “അസാദ്ധ്യം” – പി എസ് സി വിശദീകരണം നൽകണം 

Share:
 

-രാജൻ പി തൊടിയൂർ 

 

“The Word Impossible is not in my dictionary.” എന്ന്‌ പറഞ്ഞ ഒരു വീര സാഹസികൻറെ കഥ കേട്ടാണ് നമ്മൾ പഠിച്ചു വളന്നുവന്നത്.
 ” ഒരു ചുവരും തൊടാൻ കഴിയാത്തത്ര ഉയരത്തിലല്ല. ഒരു ശത്രുവും പരാജയപ്പെടുത്താൻ കഴിയാത്തത്ര ശക്തിമാനല്ല , ഒരു സംഖ്യയും എണ്ണാൻ കഴിയാത്തത്ര വലുതല്ല, ഒരു ലക്ഷ്യവും എത്താൻ കഴിയാത്തത്ര അകലെയല്ല.” നെപ്പോളിയൻ ബോണപ്പാർട്  (1769-1821) പറഞ്ഞത് നൂറ്റാണ്ടുകൾക്ക് മുൻപ്. പതിനെട്ടാം ശതകത്തിൽ ജീവിച്ചിരുന്ന നെപ്പോളിയൻറെ വാക്കുകൾ ഇപ്പോഴും ലോകത്തിന് ശക്തിപകരുന്നു. ചെറിയ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു സമയം കളയുമ്പോൾ വലിയ കാര്യങ്ങൾ നാം കാണാതെ പോകുന്നു. എന്നു പറഞ്ഞ വിശ്വ പ്രശസ്ത ശില്പി മൈക്കൽ ആന്ജെലോ ആയിരുന്നു നെപ്പോളിയൻ എപ്പോഴും മനസ്സിൽ സൂക്ഷിച്ചിരുന്നത്.
ആധുനിക യന്ത്ര സംവിധാനങ്ങൾ ഉണ്ടാകും മുൻപ് , വ്യവസായവൽക്കരണവും കംപ്യൂട്ടറൈ സേഷനും ഡിജിറ്റൽ ടെക്നോളജിയും ലോകങ്ങൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനും മുൻപ് ഒരു മനുഷ്യൻ അങ്ങനെ ചിന്തിച്ചിരുന്നു. ലോകം കീഴടക്കാൻ ഇറങ്ങി പുറപ്പെടുന്നതിന് മുൻപ്,നെപ്പോളിയൻ ബോണപ്പാർട് സ്വന്തം സൈന്യത്തോട് പറഞ്ഞു. ” അസാദ്ധ്യം എന്ന പദം നമുക്ക് മുന്നിലില്ല. വിജയം മാത്രമാണ് നമ്മുടെ ലക്‌ഷ്യം”
രണ്ട്  ശദാബ്ദങ്ങൾക്ക് മുൻപ് ഈ ലോകം വിട്ടുപോയ നെപ്പോളിയൻ ബോണപ്പാർട്ടിൻറെ  കഥ നമ്മുടെ മനസ്സിൽ ആത്മ വീര്യം വളത്തിയെടുക്കാൻ , വിജയത്തെക്കുറിച്ചു ചിന്തിക്കാൻ ചെറിയ ക്‌ളാസ്സുമുതൽ അദ്ധ്യാപകർ പറഞ്ഞു തന്നു. ലോകം മുഴുവൻ ആവർത്തിക്കുന്നു. മനുഷ്യന് അസാദ്ധ്യമായി ഒന്നുമില്ലെന്ന്‌ നാം തീവ്രമായി വിശ്വസിക്കുന്നു.
ഇന്നിപ്പോൾ ,ജനാധിപത്യം ഉറപ്പുനൽകുന്ന അടിസ്ഥാന നീതി, മത്സരപരീക്ഷ എഴുതുന്ന യുവതീ-യുവാക്കൾക്ക് ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയോട് പറയുന്നു, 18 ലക്ഷം കുട്ടികൾക്കായി ഓൺലൈൻ പരീക്ഷ നടത്തുക അസാദ്ധ്യമാണെന്ന്. കംപ്യൂട്ടറൈസേഷനും ഡിജിറ്റൽ സാങ്കേതിക സൗകര്യങ്ങളും എല്ലാ തടസ്സങ്ങളെയും പിന്തള്ളുന്ന ഒരു കാലഘട്ടത്തിൽ ഡിജിറ്റൽ ടെക്നോളജി വികസനത്തിൽ ലോകത്തിലെ മൂന്നാമത്തെ രാജ്യമാകാൻ ഇന്ത്യ കുതിക്കുമ്പോൾ , എന്താണ് സർ, നമുക്കസാദ്ധ്യം!
ചന്ദ്രയാനും മംഗൾയാനും നടത്താൻ കോടികൾ ചെലവഴിക്കുന്ന ഒരു രാജ്യത്താണ് സർ നമ്മൾ ജീവിക്കുന്നത്. മൾട്ടി സാറ്റെലൈറ്റുകൾ വിക്ഷേപണം ചെയ്തു ലോകത്തെ അത്ഭുതപ്പെടുത്തിയവരാണ് നമ്മൾ. കോടിക്കണക്കിനു ആളുകൾക്ക് ആധാർ പദ്ധതി കൊണ്ടുവന്നപ്പോഴും നമ്മളിൽ ചിലർ പറഞ്ഞു അസാദ്ധ്യം. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ കമ്പ്യൂട്ടർ വന്നപ്പോഴും നാം പറഞ്ഞു; അസാദ്ധ്യം.
പൂർണ്ണ സാക്ഷരതയിലെത്തി വർഷങ്ങൾ പിന്നിട്ട ഒരു സംസ്ഥാനം, സമ്പൂർണ്ണ ഇ-സാക്ഷരതയെക്കുറിച്ചു ഊറ്റംകൊള്ളുന്ന ഒരു സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട ഒരു സംവിധാനം കോടതിയോട് പറയുകയാണ് ഓൺലൈൻ പരീക്ഷ നടത്തുക അസാദ്ധ്യമെന്നു.
അസാദ്ധ്യം എന്ന് പി എസ് സി പറയുമ്പോൾ 18 ലക്ഷം കുട്ടികൾക്ക് നീതി ലഭിക്കില്ല എന്ന് തന്നെയാണ് നാം മനസ്സിലാക്കേണ്ടത്. ഒ എം ആർ പരീക്ഷ കലഹരണപ്പെട്ടതാണെന്നു തിരിച്ചറിയാൻ പി എസ് സിക്ക് കഴിയുന്നില്ലെങ്കിൽ , അതുമായി മുന്നോട്ടു പോകാനാണ് പദ്ധതിയെങ്കിൽ, എന്തിനു വേണ്ടിയാണീ പരീക്ഷ എന്ന് പി എസ് സി വ്യക്തമാക്കണം. 2014 മുതൽ ഓൺലൈൻ പരീക്ഷ സംവിധാനം എന്നപേരിൽ എന്തുമാത്രം പണം ചെലവഴിച്ചിട്ടുണ്ടെന്നും അത് ആർക്ക് പ്രയോജനകരമാകുന്നു എന്നും തെളിയിക്കാനുള്ള ബാധ്യതയും പി എസ് സിക്കുണ്ട്. 2014 ഓഗസ്റ്റ് മുതൽ ഓൺലൈൻ പരീക്ഷ നടപ്പാക്കിയതായും അത് ഏറ്റവും സുതാര്യവും ചെലവ് കുറഞ്ഞതുമാണെന്നും പി എസ് സി ആവർത്തിച്ചു പറയുന്നുണ്ട്.
ആറ്‌ ഘട്ടങ്ങളിലായി 15 ദിവസത്തെ ഇടവേളകളിൽ കേരളത്തിൻറെ വിവിധ ജില്ലകളിൽ നടത്തുന്ന എൽ ഡി ക്ലർക്ക് പരീക്ഷ എന്തുകൊണ്ടാണ് ഓൺലൈൻ ആയി നടത്താൻ കഴിയാത്തതെന്ന് വ്യക്തമാക്കാൻ പി എസ് സി തയ്യാറാകണം. എൽ ഡി ക്ളർക് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചിട്ട് മാസങ്ങൾ ആകുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ എഴുതുന്ന മത്സരപരീക്ഷ എൽ ഡി സി യുടേതാണെന്ന് കേരളത്തിൽ മറ്റെല്ലാവർക്കും അറിയാമെങ്കിലും പി എസ് സിയുടെ തലപ്പത്തിരിക്കുന്നവർ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വിരോധാഭാസം. ഒ എം ആർ പരീക്ഷ ലക്ഷങ്ങൾക്ക് വേണ്ടി രൂപകൽപ്പന ചെയ്തതല്ലെന്നും പരീക്ഷാ പേപ്പർ സ്കാൻ ചെയ്യുമ്പോൾ സ്വാഭാവികമായ പിശക് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഇന്നേവരെ പി എസ് സി അത് മനസ്സിലാക്കിയിട്ടില്ലെന്നതും ലജ്ജാകരമായ അവസ്ഥയാണ്.
2016 ജൂണിൽ കൂടിയ പി എസ് സി യോഗം എൽ ഡി ക്ളർക് പരീക്ഷക്കുള്ള തീരുമാനം എടുത്തിരുന്നു.2016 ഡിസംബറിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.2017 ജൂൺ 17 ,ജൂലൈ 1 ,ജൂലൈ 15 , 29 , ഓഗസ്റ്റ് 19 , 26 എന്നീ തീയതികളിൽ പരീക്ഷ നടത്താൻ തീരുമാനവുമായി. ഇത്രയും കാലത്തിനിടയിൽ ഒ എം ആർ രീതിയിലെ കുറവുകളെക്കുറിച്ചു പഠിക്കുവാൻ പി എസ് സി എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ, എത്ര ശതമാനം പിശകിനാണ് സാധ്യത? പിശകിന് സാദ്ധ്യത ( Mechanical Error Percentage ) തീരെ ഇല്ല എന്നാണ് പി എസ് സിയുടെ നിഗമനമെങ്കിൽ അത് വ്യക്തമാക്കാൻ തയ്യാറാകണം.
ഒ എം ആർ പരീക്ഷയിലെ പിശകിൻറെ ശതമാനം 1 .5 മുതൽ 4 .2 വരെയാണെന്നു ലോകമെമ്പാടും പറയുമ്പോൾ ,18 ലക്ഷത്തിൻറെ ഒരു ശതമാനമെടുത്താൽപ്പോലും 18000 കുട്ടികൾ പുറന്തള്ളപ്പെടും. ഇത് വെളിപ്പെടുത്താനും അവർക്കുവേണ്ടി വീണ്ടും പരീക്ഷ നടത്താനും പി എസ് സി തയ്യാറാകുമോ? അതല്ല കുട്ടികൾ പരീക്ഷ എഴുതിയാലും, ജയിച്ചാലും തോറ്റാലും, അവരുടെ മാർക് തെളിയാതെവന്നാലും 18000 കുട്ടികൾ പുറന്തള്ളപ്പെട്ടാലും , ഞങ്ങൾക്കൊന്നുമില്ല എന്നാണ് പി എസ് സിയുടെ നയമെങ്കിൽ ഭരണാധികാരികൾ അത് പരിശോധിക്കേണ്ടതാണ്.
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കാൻ പാടില്ല എന്നത് തന്നെയാണ് അവസര സമത്വത്തിൻറെ കാര്യത്തിലും ജനാധിപത്യം ഉറപ്പു നൽകുന്നത്. ഒരാൾക്ക് പോലും അവസരം നഷ്ടപ്പെടാൻ പാടില്ല. അത് യന്ത്രത്തകരാറുകൊണ്ടാണെങ്കിൽപ്പോലും. ഒ എം ആർ പരീക്ഷയിൽ 1 .5 മുതൽ 4 .2 ശതമാനം വരെ പുറത്താകാം എന്നുപറയുമ്പോൾ അതേക്കുറിച്ചന്വേഷിക്കാൻ പി എസ് സി തയ്യാറാകണം. കഴിഞ്ഞ പട്ടികയിൽ 3748 പേർക്ക് മാത്രമാണ് നിയമനം നടന്നത്. ഇത്തവണ 18 ലക്ഷം പേർ പരീക്ഷ എഴുതുമ്പോൾ പരമാവധി 10000 പേർക്ക് മാത്രമാണ് സാധ്യത. ഈ സത്യം മനസ്സിലാക്കിക്കൊണ്ട് കുറഞ്ഞത് 18000 പേർ അവരുടേതല്ലാത്ത കുറ്റംകൊണ്ട് പുറത്താകാൻ സാധ്യതയുള്ള ഒ എം ആർ പരീക്ഷ നടത്താനുള്ള നീക്കം കുട്ടികളോട് മാത്രമല്ല ആധുനിക സൗകര്യങ്ങളോടുമുള്ള നിഷേധാത്മക നിലപാടാണ്.
ഇത് കേരളത്തിലെ അനേകായിരം യുവതീ-യുവാക്കളുടെ പ്രശ്നമാണ്.
എന്തുകൊണ്ടാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത് ” അസാധ്യം” എന്ന് പി എസ സി പറയുന്നത്? 2014 മുതൽ നടത്തിവരുന്ന, ഏറ്റവും സുതാര്യവും കുറ്റമറ്റതും എന്ന് പി എസ് സി ആവർത്തിച്ചുപറയുന്ന സമ്പ്രദായം എൽ ഡി സി പരീക്ഷക്ക് എന്തുകൊണ്ടാണ് അയോഗ്യമായത്? ആധുനിക സാങ്കേതിക സൗകര്യങ്ങൾ വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ , ആറ് ഘട്ടങ്ങളിലായി നടത്തുന്ന എൽ ഡി സി പരീക്ഷ  ഓൺലൈൻ ആയി നടത്താൻ കഴിയില്ല എന്ന് പറയുന്നതിൽ യാതൊരു ന്യായീകരണവുമില്ല. ഓരോ ഘട്ടത്തിനുമിടയിൽ രണ്ടാഴ്ച ഇടവേളയാണ് നൽകിയിരിക്കുന്നത്. അനേക ലക്ഷങ്ങൾ ചെലവഴിച്ചു പി എസ സി തയ്യാറാക്കിയ പരീക്ഷാ സോഫ്റ്റ് വേർ , രണ്ടു ലക്ഷത്തോളം വരുന്ന ചോദ്യ ബാങ്ക്, പരീക്ഷ നടത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , കമ്പ്യൂട്ടർ വാടകയ്ക്ക് നൽകുന്ന ആയിരക്കണക്കിന് സ്ഥാപനങ്ങൾ… ( നൂറ് ചോദ്യങ്ങൾ അച്ചടിച്ച് നൽകുമ്പോൾ ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും ഇതോടെ ഇല്ലാതാകും)  പിന്നെന്താണ് സർ , അസാദ്ധ്യം ?
“എന്തസാദ്ധ്യം നൃപഃ “എന്ന് പാടിനടന്ന പടയാളികളെ ( ഉദ്യോഗസ്‌ഥരെ) നമ്മുടെ പുരാണങ്ങളിൽ പോലും കാണാൻ കഴിയും. ഇവിടെ നൂറുകണക്കിന് ഉദ്യോഗസ്ഥന്മാരും ജില്ലാ ഓഫിസുകളും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുള്ള ഭരണസംവിധാനത്തിൻറെ പിൻബലവും ഉണ്ടായിരുന്നിട്ടും കോടതിയോട് പറയുന്നു: “അസാദ്ധ്യം “.
നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് മനുഷ്യജീവിതചരിത്രം.ഒരു വിഭാഗത്തിനും നീതി നിഷേധിക്കപ്പെടാൻ പാടില്ല എന്നതിലാണ് ആധുനിക ഭരണ സംവിധാനങ്ങൾ ഊന്നൽ നൽകുന്നത്. ഒരുവിഭാഗം ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കില്ല എന്നറിഞ്ഞുകൊണ്ട് , സൗകര്യങ്ങൾ ഇല്ല, അതസാദ്ധ്യം എന്ന് പറഞ്ഞുകൊണ്ട് പി എസ് സി മുന്നോട്ടുപോവുകയാണെങ്കിൽ നീതി നിഷേധിക്കപ്പെടുന്നവരുടെ നഷ്ടം നികത്താൻ എന്താണ് ചെയ്യുക എന്ന വിശദീകരണം നൽകാൻ ബന്ധപ്പെട്ടവർക്ക് ബാദ്ധ്യതയുണ്ട്.
 “അസാദ്ധ്യം” എന്ന വാക്ക് നിഘണ്ടു വിലില്ല എന്ന് പഠിപ്പിച്ച ചരിത്ര പുരുഷൻമാർ ജീവിച്ചിരുന്ന ഭൂമിയിൽ , ആധുനിക ലോകം സമ്മാനിച്ച എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും “അസാദ്ധ്യം ” എന്ന് പറഞ്ഞു കൈയൊഴിയുന്നതിൻറെ നിഷേധാത്മക നിലപാട് പുതിയ സമൂഹം പൊളിച്ചെഴുതണം.
“വേണമെങ്കിൽ ചക്ക …..” എന്നത് ഒരു പഴമൊഴി മാത്രമല്ല.
Share: